റമദാൻ മാസത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങാകാനൊരുങ്ങി എമിറേറ്റ്സ് റെഡ് ക്രസന്റ്. യുഎഇയിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി നിരവധി ജീവകാരുണ്യ പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. 37.6 ദശലക്ഷം ദിർഹത്തിന്റെ സഹായമാണ് എമിറേറ്റ്സ് റെഡ് ക്രസന്റ് പുണ്യമാസത്തിൽ കൈമാറുക.
അർഹരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. യുഎഇക്ക് പുറമെ 44 രാജ്യങ്ങളിലെ ജനങ്ങൾക്കും ഇക്കുറി സഹായം ലഭ്യമാക്കും. ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഇഫ്‌താർ കിറ്റുകൾ ഉൾപ്പെടെ വിവിധ സഹായ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻ്റ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ നിരവധി റമദാൻ ടെന്റുകളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ അബുദാബിയിലും അജ്‌മാനിലുമായി വനിതകൾക്ക് മാത്രമായും റമദാൻ ടെന്റുകൾ സജ്ജമാക്കും. രാജ്യത്തുടനീളം 321 കലക്ഷൻ കേന്ദ്രങ്ങൾ സംഘടന സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വെബ്സൈറ്റ്, ആപ്പ്, ബാങ്കുകൾ മുഖേനയും സംഭാവനകൾ കൈമാറാൻ സാധിക്കും.