യുഎഇയിൽ താമസിക്കുന്നവർക്ക് എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട് ഫോണിലൂടെ നൽകാമെന്ന് അധികൃതർ. പുതിയ എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷിക്കാനും കാർഡ് പുതുക്കാനും താമസക്കാർക്ക് ഫോറൻസിക് കേന്ദ്രത്തിൽ പോകാതെ തന്നെ വിരലടയാളം നൽകാനുള്ള സംവിധാനം ഉടൻ വരും.
ജൈടെക്സ് ഗ്ലോബലിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് എമിറേറ്റ്‌സ് ഐഡി ആപ്ലിക്കേഷനുകൾ തടസ്സരഹിതമാക്കുന്ന ഒരു പുതിയ സ്‌മാർട്ട് സേവനം പുറത്തിറക്കുന്നതായി അറിയിച്ചത്.
അപേക്ഷാ നമ്പർ ഉപയോഗിച്ചോ താമസക്കാരൻ്റെ പാസ്‌പോർട്ടിലെ ഫോട്ടോ ഉപയോഗിച്ചോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. തുടർന്ന് ഉപയോക്താവിന് ഫോൺ ക്യാമറയിലൂടെ അവരുടെ വിരലുകളും കൈപ്പത്തിയും മുഖ സവിശേഷതകളും സ്കാൻ ചെയ്യാം.
ഉടനടി ഐഡികൾ പ്രോസസ്സ് ചെയ്യപ്പെടുന്നതിനാൽ, എമിറേറ്റ്സ് ഐഡി വേഗം തന്നെ കയ്യിലെത്തും. അന്ന് തന്നെ ഐഡി ലഭ്യമാകാൻ അധിക ഫീസ് നൽകിയാൽ മതി. കേന്ദ്രത്തിൽ നിന്ന് നേരിട്ടും വാങ്ങാവുന്നതാണ്.
ഡിജിറ്റൽ സർട്ടിഫിക്കേഷൻ പോർട്ടലിൻ്റെ നവീകരിച്ച പതിപ്പ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ലഭ്യമായിരിക്കും. ഇതിലൂടെ മൂന്ന് സെക്കൻഡ് കൊണ്ട് മുഖം തിരിച്ചറിഞ്ഞ് ഐഡി പരിശോധിക്കാൻ കഴിയും.