എമിറേറ്റ്‌സ് എയർലൈനും ഇത്തിഹാദ് എയർവേയ്‌സും ഇന്റർലൈൻ കരാർ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ യുഎഇ സന്ദർശിക്കുന്ന യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്‌ഷനുകൾ നൽകുന്നതിനായുള്ള ധാരണാപത്രത്തിലും ഇരു എയർലൈനുകളും (എംഒയു) ഒപ്പുവച്ചു. യുഎഇയുടെ രണ്ട് കാരിയറുകൾ തമ്മിൽ ആദ്യമായാണ് ഇത്തരമൊരു കരാർ. ഇതിലൂടെ യുഎഇയിലേക്കുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
എമിറേറ്റ്‌സ് എയർലൈൻ പ്രസിഡന്റ് സർ ടിം ക്ലാർക്ക്, ഇത്തിഹാദ് സിഇഒ അന്റൊണാൾഡോ നെവെസ് എന്നിവരുടെ സാന്നിധ്യത്തിൽ എമിറേറ്റ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം, ഇത്തിഹാദ് എയർവേയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ബുലൂക്കി എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മറ്റ് മുതിർന്ന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഇന്റർലൈൻ വിപുലീകരിക്കുന്നതോടെ വേനൽക്കാലത്ത് ഓരോ എയർലൈനിലെയും ഉപഭോക്താക്കൾക്ക് ദുബായിലേക്കോ അബുദാബിയിലേക്കോ പറക്കാൻ ഒരു ടിക്കറ്റ് മതിയാവും. മറ്റ് വിമാനത്താവളം വഴി തടസ്സമില്ലാത്ത മടങ്ങുകയും ചെയ്യാം. യുഎഇയിൽ പര്യവേക്ഷണം നടത്താൻ പദ്ധതിയിടുന്ന യാത്രക്കാർക്ക് അവരുടെ മുഴുവൻ യാത്രയ്ക്കും സൗകര്യപ്രദമായ ബാഗേജ് ചെക്ക്-ഇന്നും ഒറ്റത്തവണ ടിക്കറ്റ് സൗകര്യവും പുതിയ കരാർ നൽകുന്നു.
വിപുലീകരിച്ച ഇന്റർലൈനിന്റെ ആദ്യ ഘട്ടത്തിൽ യൂറോപ്പിലെയും ചൈനയിലെയും തെരഞ്ഞെടുത്ത പോയിന്റുകളിൽ നിന്ന് ഇൻബൗണ്ട് ഇന്റർലൈൻ ട്രാഫിക് വികസിപ്പിക്കും. തുടർന്ന് യുഎഇയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിൽ ഓരോ കാരിയറും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. കൂടാതെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് ‘മൾട്ടി-സിറ്റി ഫ്ലൈറ്റുകൾ’ എന്ന ഓപ്‌ഷനും നൽകും. രണ്ട് കാരിയറുകളുടെയും നെറ്റ്‌വർക്കുകളിൽ ഒരു നഗരത്തിൽ നിന്ന് യാത്ര ചെയ്യാനും എമിറേറ്റ്സോ ഇത്തിഹാദോ സേവനം നൽകുന്ന മറ്റൊരു പോയിന്റിലേക്ക് സൗകര്യപ്രദമായി മടങ്ങാനും കഴിയും.