എമിറേറ്റ്സ് കാർഗോ സേവനം മെച്ചപ്പെടുത്തുന്നതിനായി പുതിയ കരാർ. പുതുതായി അഞ്ച് ബോയിംഗ് 777Fs ചരക്ക് വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൈ കാർഗോയും അമേരിക്കയിലെ വിമാന നിർമാതാക്കളായ ബോയിംഗും തമ്മിലാണ് കരാർ ഒപ്പിട്ടത്.
വിമാനങ്ങൾ 2025-26 ഓടെ കൈമാറും. പുതിയ വിമാനങ്ങൾ കൂടി സർവീസ് ആരംഭിക്കുന്നതോടെ ഡെക്ക് കാർഗോ കപ്പാസിറ്റി മുപ്പത് ശതമാനം വർദ്ധിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി.
പുതിയ വിമാനങ്ങൾക്കായി ഒരു ബില്യൺ യുഎസ് ഡോളറാണ് നൽകുന്നത്. വിദേശ വ്യാപാരം ഇരട്ടിയാക്കാനും ദുബായുടെ സാമ്പത്തിക ശക്തി വർധിപ്പിക്കാനും നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് സ്കൈ കാർഗോയുടെ ദീർഘകാല വളർച്ചാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാറെന്നും ഷെയ്ഖ് അഹമ്മദ് കൂട്ടിച്ചേർത്തു.