വികലാംഗയായ യാത്രക്കാരിയോട് ജീവന്‍ രക്ഷാ ഉപകരണത്തിന് അധിക ലഗേജിന്‍റെ പണം ആവശ്യപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. പാകിസ്ഥാന്‍ സ്വദേശിനിയായ അംന റഹീലിനോടാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞത്.
ഓഗസ്റ്റ് 9ന് ദുബായില്‍ നിന്ന് കറാച്ചിയിലേക്കുളള യാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് അംന റഹീലില്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം സമ്മാനിച്ചതിന് നന്ദി എന്നായിരുന്നു അംന റഹീലിന്‍റെ പ്രതിഷേധക്കുറിപ്പ്.
പേശികളെ ദുര്‍ബലപ്പെടുത്തുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന ജനിതക രോഗ ബാധിതയാണ് അംന റഹീല്‍. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖവുമുണ്ട്. വിമാനയാത്രയിലും മറ്റും ഓക്സിജൻ കോൺസെൻട്രേറ്റർ കൂടെ കരുതാറുണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉൾപ്പടെ രേഖകളും ഹാജരാക്കാറുണ്ടെന്നും അംന റഹീല്‍ പറയുന്നു.
ഒരു മെഡിക്കൽ പ്രാക്ടീഷണർ മുൻകൂട്ടി ഒപ്പിട്ടാൽ സമാനമായ മെഡിക്കൽ ഉപകരണങ്ങൾ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കുന്ന നയം എമിറേറ്റ്സിനുണ്ടെങ്കിലും ഒാഗസ്റ്റ് 9-തിന് യാത്രയ്ക്കെത്തിയപ്പോൾ അധിക പണം ആവശ്യപ്പെടുകയായിരുന്നു. ലഗേജ് അലവന്‍സിനേക്കാൾ ഭാരമുണ്ടെന്നാണ് ജീവനക്കാര്‍ വിശദീകരിച്ചതെന്നും അംന വെളിപ്പെടുത്തി.
കറാച്ചിയിലെ ആഗാ ഖാൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. അലി ബിൻ സർവാർ സുബൈരിയുടെ മെഡിക്കൽ കത്ത് ഹാജരാക്കിയിട്ടും ചെക്ക്-ഇൻ ജീവനക്കാർ ഉപകരണം ഒരു അവശ്യ ഉപകരണമായി സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീട് തന്‍റെ മറ്റ് ലഗേജുകൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ഓക്സിജൻ മെഷീനുമായി പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു യുവതി.
വികലാംഗരായ യാത്രക്കാർക്കുള്ള വീൽചെയറിന് ബാഗേജ് അലവൻസ് ഇല്ലെങ്കിൽ ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും ആ പരിഗണന നല്‍കണമെന്നാണ് അംന പറയുന്നത്. തന്‍റെ 31 വർഷത്തെ യാത്രാ ജീവിതത്തിൽ എയർപോർട്ട് ജീവനക്കാരിൽ നിന്ന് ഇത്രയും അപമാനം നേരിട്ടിട്ടില്ലെന്നും അംനയുടെ പോസ്്റ്റില്‍ സൂചിപ്പിക്കുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍ യാത്രക്കാരിയോട് മാപ്പ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ അവലോകനം നടത്തുമെന്നും തുടര്‍നടപടികൾ സ്വീകരിക്കുമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.