വിമാനത്തിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു സുവർണാവസരം. ക്യാബിൻ ക്രൂ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻ. യുഎഇ നിവാസികൾക്ക് മാത്രമാണ് ഈ ഒഴിവിലേയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക.
യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാ രാജ്യക്കാർക്കും ഈ ഒഴിവിലേയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ കമ്പനി ആവശ്യപ്പെടുന്ന യോഗ്യതാ മാനദണ്ഡങ്ങൾ നിർബന്ധമാണെന്ന് മാത്രം. ഹൈസ്കൂൾ ബിരുദമാണ് (ഗ്രേഡ് 12) കുറഞ്ഞ യോഗ്യത, ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവനത്തിൽ ഒരു വർഷത്തിലേറെ പരിചയം, ഇംഗ്ലീഷ് അനായാസം എഴുതാനും കൈകാര്യം ചെയ്യാനും സാധിക്കണം (മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവ് ഒരു നേട്ടമാണ്).
കൂടാതെ, പോസിറ്റീവ് മനോഭാവവും ഒരു ടീം പരിതസ്ഥിതിയിൽ മികച്ച സേവനം നൽകാനുള്ള സ്വാഭാവിക കഴിവും, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനുള്ള കഴിവ്, കുറഞ്ഞത് 160 സെൻ്റീമീറ്റർ ഉയരവും കാൽവിരലുകളിൽ നിൽക്കുമ്പോൾ 212 സെൻ്റിമീറ്റർ ഉയരവും വേണം, എമിറേറ്റ്സ് ക്യാബിൻ ക്രൂ യൂണിഫോമിലായിരിക്കുമ്പോൾ ദൃശ്യമായ ടാറ്റൂകൾ ശരീരത്തിൽ പാടില്ല തുടങ്ങിയവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ എമിറേറ്റ്സ് വെബ്‌സൈറ്റിലെ ഓൺലൈൻ അപേക്ഷാ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഇംഗ്ലീഷിലുള്ള ബയോഡാറ്റയും സമീപകാല ഫോട്ടോയും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.