പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രഖ്യാപിച്ചു. മേയ് 15 മുതൽ ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ടെർമിനൽ മൂന്ന് വഴി യാത്ര ചെയ്യുന്നവർക്ക് ഇമെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോർഡിങ് പാസ് ലഭിക്കും. അതേസമയം ഓൺലൈനായി ചെക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് ആപ്പിൾ വാലറ്റിലോ ഗൂഗിൾ വാലറ്റിലോ ബോർഡിങ് പാസ് ലഭ്യമാകുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ആപ്പിലൂടെയും ബോർഡിങ് പാസ് ലഭ്യമാണ്.
യാത്രക്കാർക്ക് ഇമെയിൽ വഴിയോ എമിറേറ്റ്സ് ആപ്പിൽ നിന്നോ ബാഗേജ് രസീത് കൈപ്പറ്റാവുന്നതാണ്. യാത്രക്കാരുടെ മൊബൈൽ ബോർഡിങ് പാസിലുള്ള ക്യുആർ കോഡ് എമിറേറ്റ്സ് ഏജൻറുമാരോ എയർപോർട്ട് സ്റ്റാഫുകളോ സ്കാൻ ചെയ്യും. ഇത് പേപ്പർ വേസ്റ്റ് കുറയ്ക്കുന്നതിനും വേഗത്തിലും എളുപ്പത്തിലും ചെക്ക് ഇൻ ചെയ്യാൻ യാത്രക്കാരെ സഹായിക്കുകയും ചെയ്യും.
അതേസമയം ചില യാത്രക്കാർക്ക് പ്രിൻറ് ബോർഡിങ് പാസ് ആവശ്യമായി വരുമെന്ന് അധികൃതർ പറഞ്ഞു. പ്രത്യേക സഹായം ആവശ്യമുള്ള ആളുകൾ, കുട്ടികളുമായി യാത്ര ചെയ്യുന്നവർ, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, യുഎസിലേക്കുള്ള യാത്രക്കാർ എന്നിവർക്കാണ് പ്രിന്റ് ബോർഡിങ് പാസ് നിർബന്ധം. കൂടാതെ മൊബൈൽ ബോർഡിങ് പാസ് എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉള്ളവർക്കും പ്രിന്റ് ബോർഡിങ് പാസ് ലഭിക്കും. മൊബൈൽ ഫോൺ ഇല്ലാത്തവർക്കും പ്രവർത്തിക്കാത്തവർക്കും മെസേജ് ഡെലിവറി ആവാൻ താമസിക്കുന്നവർക്കും വൈഫൈ, ഡാറ്റാ എന്നീ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസരങ്ങളിലും പ്രിന്റ് ബോർഡിങ് പാസ് ലഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.