കാഴ്ചയില്ലാത്തവരെ ചുറ്റുമുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ സഹായിക്കുന്ന ഉപകരണം നിർമ്മിക്കാനൊരുങ്ങി ശതകോടീശ്വരനായ ഇലോൺ മസ്ക്. ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണമാണ് കാഴ്ചയില്ലാത്തവർക്കായി മസ്ക് നിർമ്മിക്കുന്നത്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരുകണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഉപകരണത്തിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്‌ഡിഎ) അനുമതി ലഭിച്ചെന്നും ഇലോൺ മസ്‌ക് അറിയിച്ചു. ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ വിഷ്വൽ കോർട്ടക്സിന് കേട് പറ്റിയിട്ടില്ലെങ്കിൽ, ജന്മനാ അന്ധതയുള്ളവർക്കും ഈ ഉപകരണം ഉപയോഗിച്ച് കാണാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.
തുടക്കത്തിൽ പഴയ വീഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ചയെങ്കിലും ഭാവിയിൽ സ്വാഭാവിക കാഴ്‌ചശക്‌തിയെക്കാൾ വ്യക്‌തമായി കാണാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപകരണം നിർമ്മിക്കുന്നതിനുള്ള അനുമതി നൽകിയതിനൊപ്പം എഫ്ഡിഎയിൽ നിന്നുള്ള ബ്രേക്ക് ത്രൂ ഡിവൈസ് പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈൻഡ് സൈറ്റ് ഉപകരണത്തിന് ലഭിച്ചു.