ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറെന്ന മുൻ റെക്കോർഡാണ് മസ്‌ക് മറികടന്നത്. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 182 ബില്യൺ ഡോളർ (15 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് ഫോബ്‌സ് കണക്കുകൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മറ്റ് സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
മസ്കിൻ്റെ ആസ്തി 2021 നവംബറിലെ 320 ബില്യൺ ഡോളറിൽ നിന്ന് 2023 ജനുവരി ആകുംമ്പോഴേക്കും 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്‌ലയുടെ ഓഹരികളുടെ മോശം പ്രകടനമാണ് ഇതിന് പിന്നിൽ. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി വിൽക്കുകയും ചെയ്തു. ഏപ്രിൽ മുതൽ മൊത്തം വിൽപ്പന 23 ബില്യൺ ഡോളറായി ഉയർന്നു.
ഫ്രഞ്ച് വ്യവസായി ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 21 ഒക്ടോബറിലാണ് ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയത്. എന്നാൽ, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. മാത്രമല്ല മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായും ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു.
ട്വിറ്റർ ഏറ്റെടുത്തശേഷം, മസ്‌ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായതും ടെസ്‌ലയുടെ ഓഹരികൾ നഷ്‌ടപ്പെടാൻ കാരണമായി. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റഴിച്ചു.
ഒക്ടോബറിൽ ഏകദേശം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയതിന് ശേഷമാണ് ഇത്രയും ഭീമമായ ഇടിവ് ഉണ്ടായതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളറുണ്ടായിരുന്ന മസായോഷി സോണിന് ആസ്തി അതേ വർഷം ജൂലൈയിൽ 19.4 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.