മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ (എക്‌സ്) ഏറ്റെടുത്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക്. മാത്രമല്ല, എക്‌സില്‍ നടത്തിയ വിചിത്രമായ പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും ഏറെ വൈറലാവുകയും വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിക്കിപീഡിയ അവരുടെ പേര് മാറ്റാന്‍ തയ്യാറായാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള മസ്‌കിന്റെ പുതിയ ദ്വയാര്‍ഥ പരാമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിക്കിപീഡിയയുടെ പേര് ‘ഡിക്കിപീഡിയ’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യമാണ് മസ്ക് മുന്നോട്ട് വച്ചിരിക്കുന്നത്. മാത്രമല്ല പുതിയ പേര് ഒരു വര്‍ഷമെങ്കിലും മാറ്റരുതെന്ന നിബന്ധനയും മസ്‌ക് മുന്നോട്ടുവച്ചിട്ടുണ്ട്.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മസ്‌ക് വിചിത്രമായ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. ‘അവരുടെ പേര് ‘ഡിക്കിപീഡിയ’ എന്നാക്കി മാറ്റിയാല്‍ അവര്‍ക്ക് ഞാന്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കും’ എന്നായിരുന്നു മസ്‌കിന്റെ കുറിപ്പ്. കുറിപ്പ് വൈറൽ ആയതോടെ മസ്‌കിന്റെ ഈ വാഗ്ദാനം സ്വീകരിക്കണമെന്നും അദ്ദേഹത്തില്‍ നിന്ന് പണം കൈപ്പറ്റി ഉടനടി പഴയപേര് പുനഃസ്ഥാപിക്കുവെന്നും ഒരു എക്‌സ് യൂസര്‍ വിക്കിപീഡിയയോട് നിര്‍ദേശിച്ചു. എന്നാൽ ഇതിന് മറുപടിയായി മിനിമം ഒരു വര്‍ഷമെങ്കിലും പുതിയ പേര് തുടരണമെന്നും താന്‍ മണ്ടനല്ലെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. വിക്കിപീഡിയയുടെ ഹോം പേജിലുള്ള ‘വിക്കിപിഡീയ ഈസ് നോട്ട് ഫോര്‍ സെയില്‍’ എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു മസ്‌കിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് വിക്കിപീഡിയ ഫൗണ്ടേഷന്‍ ഇത്രയധികം പണം ആവശ്യപ്പെടുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിക്കിപീഡിയയ്ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഇത് തീര്‍ച്ചയായും ആവശ്യമില്ലാത്ത കാര്യമാണ്. ഒരു ടെക്‌സ്റ്റിന്റെ പകര്‍പ്പ് മുഴുവനായും നിങ്ങളുടെ ഫോണില്‍ ഉള്‍ക്കൊള്ളിക്കാം. അപ്പോള്‍ പണം എന്തിനു വേണ്ടിയാണ്? അന്വേഷിക്കുന്ന ആളുകൾ ഇക്കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു’ എന്നും വിക്കിപീഡിയയെ വിമര്‍ശിച്ചുകൊണ്ട് മസ്‌ക് കൂട്ടിച്ചേർത്തു. മാത്രമല്ല, തന്റെ വിക്കി പേജില്‍ ഒരു പശുവിനേയും മലമൂത്ര വിസര്‍ജ്ജ്യത്തിന്റേയും ഇമോജി ചേര്‍ക്കുവെന്നും മറ്റൊരു പോസ്റ്റില്‍ മസ്‌ക് പരിഹസിച്ചു.
അതേസമയം കഴിഞ്ഞ മേയ് മാസത്തില്‍ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സും ഇലോണ്‍ മസ്‌കും തമ്മില്‍ എക്‌സിലൂടെ വലിയ വാഗ്വാദം നടന്നിരുന്നു. തുര്‍ക്കിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സില്‍ ചില ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് മസ്‌കിന്റെ തീരുമാനത്തെ ജിമ്മി വെയില്‍സ് വിമര്‍ശിച്ചത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മസ്‌കിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തുന്നത്.