സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇടയ്ക്കൊക്കെ പ്രൊഫൈല്‍ നെയിം മാറ്റുന്ന ശീലം ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനുണ്ട്. ഇത്തവണ പക്ഷെ അങ്ങനെ മാറ്റിയ പേരില്‍ പെട്ടുപോയി മസ്ക്. ഇലോണ്‍ മസ്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
‘മിസ്റ്റര്‍ ട്വീറ്റ്’ എന്നാണ് ഇലോണ്‍ മസ്കിൻ്റെ ട്വിറ്റർ അക്കൌണ്ടിൻ്റെ പുതിയ പേര്. ഒരു അഭിഭാഷകനുമായി വഴക്കിനിടെ അബദ്ധത്തില്‍ വിളിച്ച പേരാണ് മസ്കിന് ഇഷ്ടപ്പെട്ടതോടെ ട്വിറ്ററിലെ പ്രൊഫൈല്‍ നെയിം ആ പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് പേര് മാറ്റാന്‍ ട്വിറ്റര്‍ അനുവദിക്കാത്തതിനാല്‍ താന്‍ കുടുങ്ങിയതായി മസ്ക് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. “എൻ്റെ പേര് മിസ്റ്റർ ട്വീറ്റ് എന്ന് മാറ്റി, ഇപ്പോൾ ട്വിറ്റർ അത് തിരികെ മാറ്റാൻ എന്നെ അനുവദിക്കുന്നില്ല” എന്ന് മസ്ക് ട്വീറ്റ് ചെയ്തു.
ട്വിറ്റര്‍ സ്വന്തമാക്കുന്നതിനുമുന്‍പും ട്വിറ്ററില്‍ സജീവമായിരുന്നയാളാണ് ഇലോണ്‍ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാള്‍ കൂടിയായ മസ്ക് അടുത്തിടെ ഒന്നാം സ്ഥാത്ത് നിന്ന് പിന്തള്ളപ്പെട്ടിരുന്നു.