ഖത്തറിലെ സ്കൂൾ വിദ്യാർഥികൾ ഇനി ഇലക്ട്രോണിക് ബസിൽ സ്കൂളിലേക്ക് പോകും. ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി എന്നിവരാണ് ആദ്യ ഇലക്ട്രിക് സ്കൂൾ ബസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2030ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുക എന്ന ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് സ്കൂൾ ബസുകൾ ഖത്തർ നിരത്തിലിറക്കുന്നത്.
വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ഇ മൊബിലിറ്റി ഗതാഗത സംവിധാനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മുവാസലാത്തിന്റെ (കർവ) നേതൃത്വത്തിൽ ഈ അധ്യയന വർഷം ഇ-ബസുകൾ പരീക്ഷണ ഓട്ടത്തിന് വിധേയമാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുന്ന സുസ്ഥിരത പദ്ധതികൾ പുതിയ തലമുറയിലേക്ക് പകരുകയാണ് ഖത്തർ ഗതാഗത വകുപ്പിന്റെ ലക്ഷ്യം. അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് നിർമിച്ച ബസുകൾ വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും പുതിയൊരു അനുഭവമായിരിക്കും.
ബസുകൾ ലക്ഷ്യസ്ഥാനത്തെത്തിയാൽ വിദ്യാർഥികൾ ആരും അകത്തില്ലെന്ന് ഉറപ്പാക്കാൻ ഡ്രൈവർക്ക് എളുപ്പത്തിൽ സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ, സുരക്ഷിതമായ സീറ്റുകൾ, എമർജൻസി എക്സിറ്റ്, ബസിനകത്തും പുറത്തും നിരീക്ഷണ കാമറ, ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തമായി കാണാൻ കഴിയുന്ന സൗകര്യം എന്നിവ ഇലക്ട്രോണിക് സ്കൂൾ ബസ്സിന്റെ സവിശേഷതകളാണ്. അത് മാത്രമല്ല, എല്ലാ ബസിലും ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, എ.സി, ഫസ്റ്റ് എയ്ഡ് ബോക്സ്, എൻജിൻ സെൻസർ, പുറത്തെ സെൻസർ, സെൻസറിൽ പ്രവർത്തിക്കുന്ന ഡോറുകൾ, ജി.പി.എസ്, ഡ്രൈവറുടെ മികവ് വിലയിരുത്താനുള്ള സംവിധാനം എന്നിവയും ഉൾപ്പെടുന്നു. വരും വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്താനുള്ള നീക്കങ്ങളും ഖത്തർ നടത്തുന്നുണ്ട്.