നടൻ വിജയിയുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി വിജയ് ആണ് പ്രഖ്യാപിച്ചത്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.
ആദ്യവാതിൽ തുറന്നെന്നും, തമിഴ്നാട്ടിനെ നയിക്കുന്ന പാർട്ടിയായി ഉയരുമെന്നും വിജയ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 2-നായിരുന്നു പാർട്ടിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് നിയമപരമായ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയത്.
പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് വിജയ് നടത്തുന്നതെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് വിജയ് പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറത്തിലുള്ള പതാകയിൽ ആനകളുടെയും അരളിയുടെയും ചിത്രം ഉൾക്കൊള്ളിച്ചിട്ടുണ്ട്.