സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ എൽദോസ് കുന്നപ്പിള്ളി ജാമ്യാപേക്ഷ നൽകി. അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളത്.
വിവാഹ വാഗ്ദാനം നൽകി എൽദോസ് കുന്നപ്പിള്ളിൽ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാാണ് ആലുവ സ്വദേശിയായ യുവതിയുടെ പരാതി.കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ എന്നിവയടക്കം കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് എംഎൽഎ ആയ കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കോവളം പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പാർട്ടി ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡൻ്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.