ആലുവ ചാത്തൻപുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
രാത്രി രണ്ടുമണിയോടെ ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടെന്ന് നാട്ടുകാരൻ പറഞ്ഞു. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി. ഉടൻ കുട്ടിയെ കളമശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതി നാട്ടുകാരനെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇരയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെ കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് യാത്രപോയിരുന്നു. അതിനുശേഷം അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ മൂന്ന് പേരും ഹാളിലും അമ്മ അകത്തെ മുറിയിലുമായിരുന്നു കിടന്നിരുന്നത്. വാതിൽ ഇവർ അകത്തുനിന്ന് പൂട്ടിയിരുന്നെങ്കിലും തൊട്ടടുത്ത് തുറന്നു കിടന്നിരുന്ന ജനൽ വഴി ഇയാൾ വാതിൽ തുറന്ന് അകത്തുകയറുകയും കുട്ടിയെ എടുത്ത് പുറത്തിറങ്ങിയശേഷം വീണ്ടും വാതിൽ ജനൽവഴി പൂട്ടുകയുമായിരുന്നു.
ഇതിനിടെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യത്തിൽ നിന്ന് പ്രതിയെ ഇരയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞതായും ഇയാൾ മലയാളിയാണെന്നും ആലുവ എസ്.പി അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷനടുത്തുള്ള പ്രദേശങ്ങളിൽ ഇയാളെ കാണാറുള്ളതായി നാട്ടുകാർ പറഞ്ഞു. നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്നും നാട്ടുകാർ വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ആലുവയിൽ കഴിഞ്ഞ ജൂലായിൽ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.