പെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്തെ പുൽമേടുകളിലും സംരക്ഷിത പ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കാൻ ഒരുങ്ങി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പുൽമേടുകളിലും സംരക്ഷിത പ്രദേശങ്ങളിലും പരിസ്ഥിതി നിയമങ്ങൾ പാലിക്കുകയും പ്രദേശങ്ങളിലെ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനും വേണ്ടി പുതിയ സംവിധാനങ്ങളോടെ സജ്ജമാക്കിയ നിരവധി പ്രകൃതിദത്ത സംരക്ഷിത പ്രദേശങ്ങൾ നിലവിൽ ഖത്തറിലുണ്ട്. കൂടാതെ അവയുടെ സംരക്ഷണവും പരിപാലനത്തിനും വേണ്ടി നിരവധി പ്രകൃതി സംരക്ഷണകേന്ദ്രങ്ങളും സംരക്ഷണ മേഖലകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വരും തലമുറകളുടെ നല്ല ഭാവി ലക്ഷ്യം വച്ചുകൊണ്ട് വന്യജീവികളുടെ സുസ്ഥിര പരിപാലനം, സംരക്ഷണം തുടങ്ങിയവ ഖത്തറിന്റെ പരിസ്ഥിതിയോടുള്ള കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഖത്തറിൽ വന്യജീവികൾക്കും സസ്യ ജന്തുജാലങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സംരക്ഷിത പ്രദേശങ്ങളുടെ ആകെ വിസ്തീർണം 3464 ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 23.6 ശതമാനത്തോളമാണിത്.
അൽ അരീഖ്, അൽ ദഖീറ, ഖോർ അൽ ഉദൈദ്, ഉമ്മു ഖർൻ, അൽ സനാഈ, അൽ റിഫ, ഉമ്മുൽ അമദ്, അൽ റീം, അൽ ഷഹാനിയ, അൽ മുസാഹബിയ, അൽ ലുസൈൽ, വാദി സുൽതാന തുടങ്ങി 12 സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്. ഇത് കൂടാതെ, ഖോർ അൽ ഉദൈദ്, അൽ ദഖീറ റിസർവ് എന്നിങ്ങനെ 720 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ രണ്ട് സമുദ്രകേന്ദ്രങ്ങളും ഖത്തർ സംരക്ഷണ വലയത്തിലുൾപ്പെടുത്തിയിട്ടുണ്ട്.