പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്ത് അഞ്ച് ദിവസത്തെ അവധി നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഏപ്രിൽ ഒമ്പത് മുതൽ 13 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേർന്നാണ് അഞ്ച് ദിവസത്തെ അവധി ലഭിക്കുക. പിന്നീട് ഏപ്രിൽ 14 മുതൽ പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ലെന്നും അടിയന്തര ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പല ഗൾഫ് രാജ്യങ്ങളും പെരുന്നാൾ അവധികൾ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളു. അതേസമയം, സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.