പെരുന്നാൾ അവധി അടുത്തതോടെ പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർധനവ്. സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ച് വന്നത് വൻ കൊള്ളയാക്കി മാറ്റുകയാണ് മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്ന വിമാനക്കമ്പനികൾ. എന്നാൽ ഇത്തവണ ഇന്ത്യയുടെ ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസാണ് പ്രവാസികളെ കൊള്ളയടിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളത്. ചില സർവിസുകളിൽ ഒമാൻ എയറിനെപ്പോലും പിന്നിലാക്കുന്ന തരത്തിലുള്ള നിരക്കുകളാണ് എയർ ഇന്ത്യ ഇപ്പോൾ ഈടാക്കുന്നത്.
അതേസമയം പ്രവാസികളും പ്രവാസി സംഘടനകളും ജന പ്രതിനിധികളും നടത്തുന്ന പ്രതിഷേധങ്ങൾ യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഞായറാഴ്ചവരെ പ്രയാസകരമല്ലാത്ത നിരക്കുകളായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കേരള സെക്ടറിലേക്ക് ഈടാക്കിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച ഒറ്റയടിക്ക് 100 റിയാലിൽ അധികമായി എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് വർധിപ്പിച്ചു. ചൊവ്വാഴ്ച മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വൺവേക്ക് 280 റിയാലിൽ അധികമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക്. കൂടാതെ ബുധനാഴ്ച 220 റിയാലും വ്യാഴാഴ്ച 220 റിയാലിലൽ അധികവും വൺവേക്ക് ഈടാക്കും. വെള്ളിയാഴ്ച നിരക്ക് 280 റിയാലിന് മുകളിലായിരിക്കും. ശനിയാഴ്ച 220 റിയാലും ഞായർ, തിങ്കൾ ദിവസങ്ങളിൽ 250 റിയാലിൽ അധികവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. പെരുന്നാളിനുശേഷം മാത്രമായിരിക്കും നിരക്കുകളിൽ കുറവ് വരുത്തുക എന്നാണ് സൂചനകൾ.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ നടത്തുന്ന കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കും ഉയർന്ന നിരക്കുകൾ തന്നെയാണ് ഈടാക്കുക. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച 305 റിയാലിൽ അധികമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വൺവേ നിരക്ക്. തിങ്കളാഴ്ചയും 305 റിയാലിൽ തന്നെ നിരക്ക് തുടരും. അതേസമയം പെരുന്നാളിന് തലേദിവസമായ ബുധനാഴ്ച നിരക്ക് 246ലധികം റിയാലായി മാറും. കണ്ണൂരിലേക്കുള്ള സർവിസ് ഗോ ഫസ്റ്റ് എയർ നിർത്തലാക്കിയത് എയർ ഇന്ത്യക്ക് കൊള്ളയടിക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം സർവിസ് നടത്തുന്നതും കൊള്ളയടിക്ക് അവസരം വർധിക്കാനുള്ള കാരണമായി. എന്നാൽ കോഴിക്കോടിനെയും കണ്ണൂരിനെയും അപേക്ഷിച്ച് കൊച്ചിയിലേക്കുള്ള നിരക്കിന് ചെറിയ കുറവുണ്ട്. കൊച്ചിയിലേക്ക് ബുധൻ, ശനി ദിവസങ്ങളിൽ വൺവേക്ക് 193 റിയാലിനുള്ള ടിക്കറ്റുകളുണ്ട്. എന്നാൽ ഒമാൻ എയർ കോഴിക്കോട്ടേക്ക് വൺവേക്ക് 410 റിയാലാണ് ചൊവ്വാഴ്ചത്തെ നിരക്ക്. ബാക്കി ദിവസങ്ങളിൽ നിരക്കുകൾ 272 റിയാലായി കുറയും.
അതേസമയം വിമാനക്കമ്പനികൾ കേരള സെക്ടറിലേക്ക് നിരക്കുകൾ കുത്തനെ ഉയർത്തുന്നത് അത്യാവശ്യങ്ങൾക്കായി നാട്ടിൽ പോവുന്നവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രോഗം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോവേണ്ടവർക്ക് ഉയർന്ന നിരക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൂടാതെ കുറഞ്ഞ വരുമാനമുള്ളവർക്ക് വൺവേ ടിക്കറ്റിന് തന്നെ മാസങ്ങളുടെ ശമ്പളം വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, ടിക്കറ്റ് നിരക്കുകൾ വർധിച്ചതോടെ പെരുന്നാൾ അവധി യാത്രകൾ പോലും പലരും ഒഴിവാക്കിയിരിക്കുകയാണ്.