ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. 49.4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഉച്ചയ്ക്ക് 2.45-ന് അബുദാബിയിലെ സ്വീഹാനിലാണ് (അൽ ഐൻ) രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അബുദാബിയിലെ ഒവ്തൈദിൽ (അൽ ദഫ്ര മേഖല) ഉച്ചയ്ക്ക് 2.45-ന് രേഖപ്പെടുത്തിയ 50.8 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.
ഇന്നലെ താപനില ക്രമാതീതമായി ഉയർന്നെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയും പെയ്തിരുന്നു. ഇന്നും രാജ്യത്ത് മഴ പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്. വരും ദിവസങ്ങളിലും യുഎഇയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.