വിദ്യാർഥികളിൽ ഗതാഗത സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള ഖത്തർ ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ ബാക്ക് ടു സ്കൂൾ ക്യാംപെയ്ന് തുടക്കമായി. സർക്കാർ സ്‌കൂളായ അഹമ്മദ് ബിൻ റാഷിദ് അൽ മുറൈഖി ബോയ്‌സ് പ്രൈമറി സ്‌കൂളിലാണ് ക്യാംപെയ്‌ന്റെ ഉദ്ഘാടനം നടന്നത്. കൂടാതെ ഗതാഗത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളടങ്ങിയ സുവനീറും വിദ്യാർഥികൾക്ക് വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സുരക്ഷിതമായ ഡ്രൈവിങ് ശീലമാക്കുക, ഗതാഗത നിയമങ്ങളെ ബഹുമാനിക്കുക എന്നിവയെ കുറിച്ച് വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പിലെ ഇൻഫർമേഷൻ-അവയർനസ് വകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ജാസിം നാസർ അൽ ഹമിദി പറഞ്ഞു. കൂടാതെ ഈ അക്കാദമിക് വർഷത്തിലുടനീളം രാജ്യത്തെ സ്‌കൂളുകൾ, സർവകലാശാലകൾ, പ്രീ-സ്‌കൂളുകൾ, അംഗപരിമിതർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോധവൽക്കരണ ക്യാംപെയ്ൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുതിയ അധ്യയന വർഷത്തിൽ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയും അധികൃതർ സജ്ജമാക്കി കഴിഞ്ഞു. ഇത് കൂടാതെ തിരക്കേറിയ സ്ഥലങ്ങളിലും ഇന്റർ സെക്ഷനുകളിലും സ്‌കൂൾ പരിസരങ്ങളിലുമായി കൂടുതൽ പട്രോൾ സംഘങ്ങളെ നിയോഗിക്കുകയും ഗതാഗതം സുഗമമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.