സിഎംആർഎൽ മാസപ്പടി വിവാദത്തിൽ കേസെടുത്ത് എൻഫോഴ്സ്മെൻറ് ഡയറകട്രേറ്റ്. ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
വീണ വിജയൻറെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎൽ മാസപ്പടി നൽകിയെന്നാണ് കേസ്. കമ്പനികൾ തമ്മിലുള്ള ഇടപാടുകൾ ബാങ്ക് മുഖാന്തിരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാൽ അനർഹമായ പണമായതിനാൽ തന്നെ കള്ളപ്പണമായി കണ്ട് ഇതിൽ ആദായനികുതി വകുപ്പ് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) നോട്ടിസ് അയച്ചിരുന്നു. ഇടപാടുകളുടെ രേഖകളെല്ലാം 15ന് അകം ചെന്നൈ ഓഫിസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്. നിർദേശം പാലിക്കാതിരുന്നാൽ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. എക്സാലോജിക് സൊലൂഷൻസും കെഎസ്ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്എഫ്ഐഒ തുടർനടപടികളിലേക്കു കടന്നത്.