“ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നത് പോലെ മൂന്നാം നാൾ ഉയിർക്കപെടുകയും ചെയ്തു” (1കോറിന്തോസ് 15:4)
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ഒരു ഈസ്റ്റർ കൂടി. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ച ലോകമെമ്പാടും ഈസ്റ്റർ ആയി ആചരിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികമാണ്. ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില കൊള്ളണം എന്നും ആണ് ഈസ്റ്റർ നൽകുന്ന രണ്ട് സുപ്രധാന പാഠങ്ങൾ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഃഖവെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ശുശ്രൂഷകൾക്ക് വേണ്ടി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റർ സന്ദേശവും നൽകി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം ലോകത്തോടായി പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ പ്രാർത്ഥനയിൽ മുഴുകി. ‘സഹോദരന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല’ എന്ന് പഠിപ്പിച്ചവന്‍ സ്നേഹത്തിന്റ കരുതലാകാൻ മനുഷ്യന് അവസരം നൽകുകയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും സഹിക്കാൻ പഠിക്കുക, ക്ഷമിക്കാനും. പുതിയൊരു ലോകം പുലരട്ടെ, സഹനത്തിന്റെയും സഹോദര്യത്തിന്റെയും പ്രത്യാശയുടെയും പുത്തൻ വെളിച്ചം പടരട്ടെ.