തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ അറുന്നൂറ് കടക്കുമെന്ന് സൂചന. 360 മരണങ്ങൾ ഇതിനകം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്കാണ് പരുക്കേറ്റിട്ടുളളത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴായതിനാല് അപകടത്തിന്റെ വ്യാപ്തി ഉയരുമെന്നാണ് നിഗമനം.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായത്. മിനിറ്റുകൾക്കിടെ 6 തുടര്ചലങ്ങളുമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ വലിയ തുടര്‍ചലനവും അനുഭവപ്പെട്ടു. വലിയ കെട്ടിടങ്ങളും നിലം പൊത്തി. തകര്‍ന്ന കെട്ടിടങ്ങൾക്കുളളില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ.
അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗര്‍ പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ദുരന്ത മേഖലകളിലേക്ക് ലോകരാജ്യങ്ങളും രക്ഷാസംഘങ്ങളെ അയച്ചു.
സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. യുഎഇയും സൗദിയും ഉൾപ്പടെ ഗൾഫ് രാജ്യങ്ങളും രക്ഷാപ്രവര്‍ത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഭുകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.