ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത്തരം അപകടങ്ങളിൽ 25 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
2024-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 7,800-ലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും 4,474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായും പോലീസ് പറഞ്ഞു. അതേസമയം പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും 24 ഇ-സ്കൂട്ടറുകൾ അല്ലെങ്കിൽ സൈക്കിളുകൾ ദുബായിൽ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
60 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡുകളിൽ വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഓടിക്കുക, ഇ-സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുക, ട്രാഫിക്കിനെതിരെ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 300 ദിർഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് സൂചിപ്പിച്ചു. നിയമലംഘനങ്ങൾ ആപ്പ് വഴിയൊ അല്ലെങ്കിൽ 901 വഴി പോലീസിൽ അറിയിക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.