ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൌദിയിലെത്തും. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 തീർത്ഥാടകർ എത്തുമ്പോൾ സ്വകാര്യ ഗ്രൂപ്പുകൾ വഴി 35,005 പേരും എത്തിച്ചേരും. ആകെ 1,75,025 തീർഥാടകർക്കാണ് ഇത്തവണ ഇന്ത്യയിൽനിന്ന് അനുമതി ലഭിച്ചിരിക്കുന്നത്.പുരുഷ സഹചാരിഇല്ലാതെ 4,000 സ്ത്രീകളും ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നുണ്ട്.
ഇന്ത്യൻ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് കോൺസൽ ജനറൽ വ്യക്തമാക്കി. താമസത്തിനും വൈദ്യസഹായത്തിനും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സൗദിയിലെയും ഇന്ത്യയിലെയും വിവിധ ഓഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ടാണ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നത്.
അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങിന് ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്’ ആപ്ലിക്കേഷനുകൾ വഴി പുരോഗമിക്കുകയാണ്. റമദാൻ കാലത്ത് ഉംറക്കായി എത്തുന്നവരുടെ ബുക്കിംഗ് ഉയരുകയാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയവും അറിയിച്ചു.