ഫുട്ബോൾ ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത. ഏഷ്യൻ കപ്പ് ഫുട്ബാളിനൊപ്പം പ്രഥമ എ.എഫ്.സി ഏഷ്യൻ ഇ-കപ്പിനും ഖത്തർ വേദിയാകും. ഏഷ്യൻ കപ്പിനിടയിൽ തന്നെയായിരിക്കും ഇ-ഫുട്ബാളിലെ പ്രതിഭകൾ ഖത്തറിൽ മാറ്റുരയ്ക്കുക. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് വൻകരയിലെ 20 ടീമുകൾ മാറ്റുരക്കുന്ന ഇ-ചാമ്പ്യൻഷിപ് നടക്കുന്നത്. ഫിഫയുടെ കീഴിലും യൂറോപ്പിലുമെല്ലാം ആരാധകരേറെയുള്ള ഇ-ഫുട്ബാൾ ആദ്യമായാണ് ഏഷ്യൻ തലത്തിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ആതിഥേയരായ ഖത്തറും ഇന്ത്യയും ഉൾപ്പെടെ ടീമുകൾ ആറു ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. ആദ്യ നാല് ഗ്രൂപ്പുകളിൽ മൂന്ന് ടീം വീതവും രണ്ട് ഗ്രൂപ്പുകളിൽ നാല് ടീം വീതവുമാണുള്ളത്.
ടീമുകൾ
ഫെബ്രുവരി ഒന്നിനാണ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
ഗ്രൂപ്പ് എ: ഖത്തർ, ലെബനാൻ, തജികിസ്താൻ,
ഗ്രൂപ്പ് ബി: ഇന്ത്യ, ഉസ്ബകിസ്താൻ, സിറിയ
ഗ്രൂപ്പ് സി: യു.എ.ഇ, ഇറാൻ, ഹോങ്കോങ്
ഗ്രൂപ്പ് ഡി: ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം
ഗ്രൂപ്പ് ഇ: ദക്ഷിണ കൊറിയ, ജോർഡൻ, മലേഷ്യ, ബഹ്റൈൻ
ഗ്രൂപ്പ് എഫ്: സൗദി അറേബ്യ, ഒമാൻ, തായ്ലൻഡ്, കിർഗിസ്താൻ,
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഖത്തറും ലബനാനും തമ്മിലെ മത്സരത്തോടെയാണ് ടൂർണമെന്റിന് കിക്കോഫ് കുറിക്കുക. അതേസമയം സിറിയ-ഉസ്ബെക് മത്സരവും ഇതോടൊപ്പം നടക്കും. മൂന്നിന് ഇന്ത്യയും ഉസ്ബകിസ്താനും തമ്മിലുള്ള മത്സരവും നടക്കും. ഇതേസമയം ഖത്തർ തജികിസ്താനെ നേരിടും. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ഇന്ത്യ സിറിയയെ നേരിടും. ഇതേദിവസം വൈകുന്നേരം ആറു മണിയോടെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച മൂന്നാം സ്ഥാനക്കാരായി നാലു പേരും പ്രീക്വാർട്ടറിൽ കളിക്കും.