ഭക്തിയുടെയും വ്രതശുദ്ധിയുടെയും പൂർണ്ണതയായ റമദാൻ മാസം അടുത്തുകൊണ്ടിരിക്കുന്നു. എല്ലാവരും പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ യുഎഇയിൽ ജനങ്ങളുടെ സൗകര്യാർത്ഥം പല സമയക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി സമയവും സ്കൂൾ പ്രവൃത്തി സമയവും കുറയ്ക്കുകയും പാർക്കിങ് സമയം പരിഷ്കരിക്കുകയുമാണ് ചെയ്തത്. എന്തൊക്കെ മാറ്റങ്ങളാണ് നിലവിൽ വരിക എന്ന് നോക്കാം.
ജോലി സമയത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുറച്ച ജോലി സമയം നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്ത ജീവനക്കാർക്കും ഒരുപോലെയാണ് ബാധകമാകുന്നത്. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കുമ്പോൾ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം സാധാരണ എട്ട് മണിക്കൂറിന് പകരം ആറായാണ് കുറച്ചത്. അത്തരത്തിൽ സ്കൂൾ അധ്യയന ദിനങ്ങൾ ദിവസേന അഞ്ച് മണിക്കൂറായി കുറയ്ക്കും. കൂടാതെ വിശുദ്ധ മാസത്തിൻ്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മിക്ക സ്കൂളുകളും അടച്ചിടുകയും ചെയ്യും.
റമദാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിംഗ് സമയവും പരിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയക്രമം പുണ്യമാസത്തോട് അടുക്കുന്നതോടെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം ദുബായിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പാർക്കിംഗ് ഫീസ് ഈടാക്കിയിരുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പ്രവൃത്തിദിവസങ്ങളിൽ താമസക്കാർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗും നൽകിയിരുന്നു. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് കഴിഞ്ഞ വർഷം ഷാർജയിൽ ഫീസ് ഈടാക്കിയിരുന്നത്.