ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ.
ഇതിനായി പ്രത്യേക സർവ്വേക്കും തുടക്കമിട്ടു. നയം നടപ്പിലാകുന്നതോടെ 59 ശതമാനം സമയലാഭമാണ് പ്രതീക്ഷിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ അധ്യക്ഷതയിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. വേൾഡ് ട്രേഡ് സെൻ്ററിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ആർടിഎ സമഗ്ര സർവേ ആരംഭിച്ചിട്ടുള്ളത്. സ്കൂൾ, ജോലി സമയങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള അഭിപ്രായമാണ് പ്രാഥമികമായി ശേഖരിക്കുക. നിലവിലെ സാഹചര്യങ്ങളും ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളും തിരക്കേറിയ സമയങ്ങളിലെ വാഹന നീക്കവും മറ്റും ഡേറ്റാരൂപത്തിൽ ശേഖരിക്കുകയാണ് അധികൃതർ.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലെ മികച്ച യാത്രാ പെരുമാറ്റങ്ങളും തൊഴിൽ മുൻഗണനകളും സർവേയിലൂടെ മനസ്സിലാക്കുമെന്ന് ആർടിഎ സൂചിപ്പിക്കുന്നു. വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ട്രാഫിക് ഫ്ലോ നിയന്ത്രിക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള അവസരങ്ങൾ തിരിച്ചറിയാൻ കഴിയും. ശേഖരിക്കുന്ന ഡാറ്റ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നും ആർടിഎ പറയുന്നു.
ദുബായ് ഒരു ആഗോള ബിസിനസ്സ് ഹബ്ബായി വളരുന്നതിനനുസരിച്ച് ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ബുദ്ധിമുട്ട് പരിഹരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുകയും സാമ്പത്തിക ഉൽപ്പാദനക്ഷമത കാര്യക്ഷമമാക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനങ്ങൾ ഗതാഗതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ പാരിസ്ഥിതിക സുസ്ഥിരതയ്ക്കും പ്രാധാന്യമുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
അവശ്യഘട്ടങ്ങളിൽ ‘ഫ്ലെക്‌സിബിൾ വർക്ക് അവേഴ്‌സ്’, ‘റിമോട്ട് വർക്കിംഗ്’ തുടങ്ങിയ രീതികൾ ദുബായ് പരീക്ഷിച്ചിട്ടുണ്ട്. വിദൂര ജോലികൾക്ക് ആവശ്യമായ ഇൻഫ്രാട്രക്ചർ വികസനം ഉൾപ്പെടെ നടപ്പിലാക്കുകയാണ് പുതിയ ലക്ഷ്യം. സ്കൂൾ ഗതാഗതം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ട്രാഫിക് ഫ്ലോ 13 ശതമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കമ്പനികളിൽ നടപ്പിലാക്കാൻ കഴിയുന്ന ദൈനംദിന പ്രവൃത്തി സമയക്രമം, അവധി ദിവസങ്ങൾ ക്രമീകരിക്കൽ, പൊതു ബസ്- ടാക്സി റൂട്ടുകളുടെ വികസനം, സമാന്തര ഗതാഗത പാതകളും അനുബന്ധ സംവിധാനങ്ങളും തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് പരിഗണനയിലുളളത്. സർവ്വേകളും നവീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് വിശദീകരണം.