പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കി വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതിനുള്ള ഫ്യൂച്ചർ ഫിറ്റ്സീൽ പുരസ്കാരം സ്വന്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കമാൻഡ് ആൻ്റ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളായ ബയോമെട്രിക് ഫിംഗർ പ്രിന്റ് സംവിധാനവും സ്മാർട്ട് ഗേറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പരിഷ്കാരങ്ങളാണ് അവാർഡിന് അർഹമാക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രാദേശിക സർക്കാർ സ്ഥാപനമാണ് ജി.ഡി.ആർ.എഫ്.എ. പുതിയ സാങ്കേതിക വിദ്യകളിലൂടെ സർക്കാർ നടപടികൾ കാര്യക്ഷമമാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഫ്യൂച്ചർ ഫിറ്റ്സീൽ അവാർഡ് നൽകിവരുന്നത്.
ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വിവരങ്ങൾ വിശകലനം ചെയ്ത് സ്മാർട്ട് ഗേറ്റ് വഴി നിമിഷങ്ങൾക്കകം ഇമിഗ്രേഷൻ പൂർത്തിയാക്കുന്ന സംവിധാനം വളരെ ശ്രദ്ധനേടിയിരുന്നു. യാത്രാരേഖകൾ ഒന്നും ഇല്ലാതെ യാത്രക്കാരുടെ പരിശോധനകൾ ആർട്ടിഫിഷൽ ഇന്റ്ലിജൻ്റ്സിന്റെ സഹായത്തിൽ നിമിഷങ്ങൾക്കകം പൂർത്തിയാക്കാൻ സാധിക്കും. മനുഷ്യ സാന്നിധ്യം ഒഴിവാക്കി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെച്ചപ്പെട്ട എയർപോർട്ട് സംവിധാനം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജി.ഡി.ആർ.എഫ്.എ.