ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്തമാസം ഒന്നുമുതൽ വിലക്കേർപ്പെടുത്തിത്തുടങ്ങും. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ദുബായിൽ 25 ഫിൽസ് ഈടാക്കുന്നുണ്ട്. ജൂൺ ഒന്നുമുതൽ ഇത് നിർത്തലാക്കിയേക്കും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സമ്പൂർണ നിരോധനം മൂന്നു ഘട്ടങ്ങളിലായാണ് ദുബായ് നടപ്പാക്കുന്നത്. അതിൽ ആദ്യഘട്ടമാണ് ജൂൺ ഒന്നുമുതൽ പ്രാബല്യത്തിലാവുന്നത്. രണ്ടാംഘട്ടം അടുത്തവർഷം ജനുവരി ഒന്നിന് നടപ്പാക്കിത്തുടങ്ങും. പ്ലാസ്റ്റിക് സ്പൂണുകൾ, സ്‌റ്റൈറോഫോം ഭക്ഷണപ്പാത്രങ്ങൾ, മേശവിരി, സ്‌ട്രോ, എന്നിവയെല്ലാം ഈ ഘട്ടത്തിൽ ദുബായിൽ നിരോധിക്കും.
57 മൈക്രോമീറ്ററിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ സഞ്ചികൾക്കും നിരോധനം ബാധകമാണ്. എന്നാൽ 58 മൈക്രോമീറ്ററിനു മുകളിൽ കട്ടിയുള്ള ബാഗുകൾ ഉപയോഗിക്കാം. എന്നാൽ പച്ചക്കറി, ഇറച്ചി, ബ്രെഡ് എന്നിവ പൊതിയാനും ഗാർബേജ് ബാഗുകൾക്കും ഇളവുനൽകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഈ നിയമം പാലിക്കാത്തതിന് 200 ദിർഹം പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. നിയമം പാലിക്കാത്ത സ്റ്റോറുകൾ ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിനെ അറിയിക്കാനും ഷോപ്പർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.