ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ജയിലെന്ന ആഗോള ആംഗീകാരം സ്വന്തമാക്കി ദുബായ് വനിത ജയിൽ. അമേരിക്കൻ കറക്ഷനൽ അസോസിയേഷൻ (എ.സി.എ) നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. ജയിലിലെ അന്തേവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ദുബായ് ജയിൽ അധികൃതർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരം നിലനിർത്തുന്നതിൽ ദുബായ് പുരുഷ ജയിലിന് ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു. മിഡിൽഈസ്റ്റിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ജയിലെന്ന നേട്ടവും ദുബായ് പുരുഷ ജയിലിനാണ്. എ.സി.എ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ സാധിച്ചതിനാലാണ് ദുബായ് ജയിലിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതെന്ന് ദുബായ് പൊലീസ് എക്സലൻസ് ആന്റ് പയനിയറിങ് അഫേഴ്സ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ ഡോ. അബ്ദുൽ ഖുദുസ് അബ്ദുൽ റസാഖ് അൽ ഉബൈദി പറഞ്ഞു.
നിരവധി അന്തേവാസികൾക്ക് അവരുടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കാനും മറ്റ് സാങ്കേതിക കോഴ്സുകളിൽ വിജയം നേടാനുമുള്ള പൂർണ്ണ പിന്തുണ ജയിൽ അധികൃതർ നൽകിവരുന്നുണ്ട്. ജയിൽ മോചിതരായതിന് ശേഷം വിവിധ ജോലികളിൽ പ്രവേശിക്കുന്നതിനും സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ഈ വിദ്യാഭ്യാസം ഉപകരിക്കുമെന്നും ഉബൈദി പറഞ്ഞു.