ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ (DFF) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് 10X സംരംഭത്തിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനം നടന്നത്.
പത്ത് വർഷം കൊണ്ട് മുൻനിര ആഗോള നഗരങ്ങളെക്കാൾ ദുബായിയെ മുന്നിലെത്തിക്കുക എന്നതാണ് ദുബായ് 10X സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. നൂതനമായ സർക്കാർ സേവനങ്ങൾ നൽകി ജന ജീവിതം മികച്ചാതാക്കുകയാണ് എന്നതാണ് ആശയം.
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സംയുക്ത ടാസ്‌ക്‌ഫോഴ്‌സിന് നേതൃത്വം നൽകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ദുബായ് 10X പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും സംയുക്തമായി അംഗീകൃത പദ്ധതി നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഗവൺമെന്റുകളിൽ നിന്ന് നൂതനാശയങ്ങൾ സ്വീകരിക്കാനും ഭാവിയെ പാരമ്പര്യേതര രീതിയിൽ രൂപകൽപ്പന ചെയ്യാനും ദുബായ് 10X മോഡൽ സഹായിക്കും. സുപ്രധാന ഗവൺമെന്റ്, സാമ്പത്തിക മേഖലകളുടെ ആവശ്യകതകൾ നിറവേറ്റുന്ന പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെ സമൂഹങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. ആഗോള മാറ്റങ്ങളോടു ചേർന്നു നിൽക്കുന്ന ഗുണമേന്മയുള്ള സംരംഭങ്ങളുടെ വികസനത്തിലൂടെ ദുബായിയെ മുന്നിലെത്തിക്കാനും പദ്ധതി സഹായകമാകും.