ദുബായിൽ നിന്ന് ഷാർജയിലേക്കുളള യാത്ര സുഗമമാക്കാൻ പുതിയ പാത തുറന്നതായി ഷാർജ ഗതാഗത വകുപ്പ്. ഖുലാഫ അൽ റാഷിദീൻ പാലവുമായി ബന്ധിപ്പിച്ചാണ് 600 മീറ്റർ അധിക പാത പൂർത്തിയാക്കിയത്.ഇതോടെ അൽ ഇത്തിഹാദ് റോഡിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കുകയും ഷാർജ അൽ ഖാനിലേയ്ക്ക് യാത്ര സുഗമമാക്കുകയും ചെയ്യുമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
ദുബായിൽ നിന്ന് ഷാർജയിലേക്ക് പുതിയ പാതയിലൂടെ കൂടുതൽ ആളുകൾ യാത്ര ചെയ്യുമെന്നാണ് ഗതാഗത വകുപ്പിൻ്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച വീഡിയോയും ഗതഗാത വകുപ്പ് പുറത്തിറക്കി. അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തീകരിച്ചതായും ഷാർജ ഗതാഗത വകുപ്പ് വ്യക്തമാക്കി. ഷാർജ – ദുബായ് റോഡിൽ ദൈനംദിനം യാത്ര നടത്തുന്നവർക്ക് ആശ്വാസമേകുന്നതാണ് പുതിയ എക്സിറ്റ്.
ഗതാഗത പരിഷ്കരണത്തിൻ്റെ ഭാഗമായി സർവീസ് റോഡ് നടപ്പാതകളിൽ ഭേദഗതി വരുത്തിയതായും കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ഉൾപ്പെടുത്തിയതായും ഗതാഗത വകുപ്പ് അറിയിച്ചു. റോഡിലെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2019ൽ പ്രഖ്യാപിച്ച പദ്ധതിയാണ് പൂർത്തിയാകുന്നത്.കൂടാതെ അൽ നഹ്ദ, ഖുലാഫ അൽ റാഷിദീൻ ഇൻ്റർസെക്ഷനുകൾ മണിക്കൂറിൽ മൂവായിരം വാഹനങ്ങൾ കടന്നുപോകുന്ന തരത്തിൽ ശേഷി വർദ്ധിപ്പിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.