ദുബായ് എമിറേറ്റിന്റെ ലോഗോ ദുരുപയോഗം ചെയ്താൽ തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ. മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവും ഒരുലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഒന്നുമാണ് ചുമത്തപ്പെടുക. നിയമം നിലവിൽ വരുമ്പോൾ ചിഹ്നം ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവർ മുൻകൂർ അനുമതി നേടിയിട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ഉപയോഗം പൂർണമായും നിർത്തണമെന്നും അധികൃതർ നിർദേശിച്ചു.
നിയമത്തിന് അനുസൃതമായി വിവിധ സർക്കാർ സേവനങ്ങൾ, രേഖകൾ, വെബ്സൈറ്റുകൾ, സർക്കാർ ഇവന്റുകൾ എന്നിവയിലുടനീളം ലോഗോ ഉപയോഗിക്കാവുന്നതാണ്. ദുബായ് ഭരണാധികാരിയിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ലോഗോ ഉപയോഗിക്കാൻ സാധിക്കും. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ദുബായ് റൂളർ കോർട്ട് ചെയർമാൻ ഉടൻ പുറപ്പെടുവിക്കും.