ദുബായിലെ തെരുവ് വിളക്കുകൾ പരിഷ്കരിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് ആതോറിറ്റി (ആർടിഎ). പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ കൂടുതൽ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ലൈറ്റുകളാക്കി മാറ്റും. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലെ തെരുവ് വിളക്കുകളാണ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്. ഒൻപത് കിലോമീറ്റർ നീളത്തിൽ ഊർജ ഉപയോഗം കുറഞ്ഞ 900 തെരുവ് വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഊർജത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റോഡുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം 38 ശതമാനം വരെ ചൂടും കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്. 10 ലൈനുകളിലായി റോഡിന്റെ ഇരുഭാഗത്തുകൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി ആറ് മാസം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്.
ആദ്യ ഘട്ടത്തിൽ ദേര മുതൽ അൽ ഗർഹൂദ് പാലം വരെയുള്ള ഭാഗവും രണ്ടാം ഘട്ടത്തിൽ ദേരമുതൽ ബർദുബൈ വരെയും അവസാന ഘട്ടത്തിൽ ബർദുബൈ മുതൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് കവല വരെയുമാണ് പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത രീതികളേക്കാൾ പരിസ്ഥിതി സൗഹൃദമാണ് എൽ.ഇ.ഡി തെരുവിളക്കുകൾ. പരമ്പരാഗത വിളക്കുകൾ 22,000 മണിക്കൂർ നിലനിൽക്കുമ്പോൾ എൽ.ഇ.ഡി ലൈറ്റുകൾ 60,000 മണിക്കൂറാണ് നിലനിൽക്കുകയെന്നാണ് വിലയിരുത്തൽ.