റോഡുകളും പൊതുഗതാഗത ശൃംഖലകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സര്‍വ്വേയുമായി ദുബായ് ഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ദുബായിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ കുടുംബങ്ങൾക്കും വ്യക്തികൾക്കും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ ട്രാവൽ ബിഹേവിയർ സർവേയിൽ പങ്കെടുക്കാം.
സര്‍വ്വേയ്ക്കായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ദുബായിലെയും അയൽ എമിറേറ്റുകളിലെയും ജനങ്ങളില്‍നിന്ന് 7,000ത്തിലധികം സാമ്പിളുകൾ ശേഖരിക്കും. ഇതിൽ 5,000 കുടുംബങ്ങൾ ഉൾപ്പെടും. 1,500 വ്യക്തികളില്‍നിന്നും 500 കാർഗോ ട്രാൻസ്പോർട്ട് കമ്പനികളില്‍നിന്നും അഭിപ്രായം ശേഖരിക്കും. സർവേ വിജയകരമായി പൂർത്തിയാക്കുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
എമിറേറ്റിന്റെ അഭിലാഷമായ അർബൻ പ്ലാൻ 2040 ന് അനുസൃതമായി പൊതുജനങ്ങൾക്ക് സുഗമവും സുരക്ഷിതവുമായ ഗതാഗത അനുഭവം പ്രദാനം ചെയ്യുമെന്നും ആര്‍ടിഎ അറിയിച്ചു. , ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും സാധാരണ യാത്രകൾ വിശകലനത്തിന് വിധേയമാക്കും. ചോദ്യാവലിക്ക് പുറമെ ഫീൽഡ് സന്ദർശനങ്ങൾ, വ്യക്തിഗത അഭിമുഖങ്ങൾ, സ്മാർട്ട് ഓൺലൈൻ അഭിമുഖങ്ങൾ എന്നിവയും സര്‍വ്വേയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.