റമദാൻ നോമ്പിന് സമാപനം കുറിക്കുന്ന ഈദുൽ ഫിത്തറിന് ദുബായിലെ ഏഴിടങ്ങളിൽ പീരങ്കികൾ മുഴങ്ങുമെന്ന് ദുബായ് പോലീസ് ഞായറാഴ്ച അറിയിച്ചു. ഗ്രാൻഡ് സബീൽ മസ്ജിദിന് സമീപവും നാദ് അൽ ഷിബ, നദ്ദ് അൽ ഹമർ, ബരാഹ, അൽ ബർഷ, ഉമ്മു സുഖീം, ഹത്ത എന്നിവിടങ്ങളിലെ ഈദ് പ്രാർത്ഥനാ മൈതാനങ്ങളിലുമാണ് പീരങ്കി മുഴങ്ങുക.
ഏഴിടങ്ങളിലും പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് സംഘത്തിന്റെ തലവൻ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല താരിഷ് അൽ അമീമി വ്യക്തമാക്കി.
ഈദുൽ ഫിത്തറിന് ചന്ദ്രക്കല ദർശിക്കുമ്പോൾ, രണ്ടുതവണ പീരങ്കി മുഴങ്ങും.
കൂടാതെ സൂര്യോദയത്തിന് തൊട്ടുപിന്നാലെയുള്ള പെരുന്നാൾ നമസ്കാരത്തിന് മുൻപ് ദുബായിൽ 6.18-ന് രണ്ടുതവണ പീരങ്കി മുഴങ്ങും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ ഗെയ്തി പറഞ്ഞു.