സേവനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് പൊലീസിന്റെ സ്മാർട്ട് സ്റ്റേഷൻ. മനുഷ്യസാന്നിധ്യമില്ലാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന ദുബൈ പൊലീസിന്റെ സംരംഭമായ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ വഴി ആറുമാസത്തിനിടയിൽ നൽകിയത് റെക്കോഡ് സേവനങ്ങളാണെന്ന് റിപ്പോർട്ട്. ദുബായിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 22 സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ വഴി ജനുവരി മുതൽ ജൂൺ വരെ 65,942 ഇടപാടുകളാണ് നടന്നത്.
ഗൾഫ് മേഖലയിൽ ആദ്യമായി സ്മാർട്ട് പൊലീസ് സ്റ്റേഷൻ സംവിധാനം സ്ഥാപിച്ചത് ദുബൈയിലാണ്. പൂർണ്ണമായും മെഷീൻ നിയന്ത്രിതമായ സംവിധാനം വഴി നടന്ന നടപടികളിൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 4,967 അന്വേഷണങ്ങളും 16,205 മറ്റ് റിപ്പോർട്ടുകളും ഉൾപ്പെടുന്നുണ്ട്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ചൈനീസ് എന്നിങ്ങനെ ഏഴു ഭാഷകളിലാണ് ഇവിടെ സേവനങ്ങൾ നൽകിവരുന്നത്. പൊതുജനങ്ങൾ ഏറ്റവും നൂതനവും സൗകര്യപ്രദവുമായ സേവനമെന്ന നിലയിലാണ് സ്മാർട്ട് സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നത്.
മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ദുബൈ പൊലീസിന്റെ ശ്രമമാണ് ഇതോടെ വിജയിച്ചതെന്ന് ദുബൈ പൊലീസ് ലോജിസ്റ്റിക്സ് സപ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജന. അലി അഹ്മദ് ഗാനിം പറഞ്ഞു. ഇത്തരത്തിൽ ജീവിത നിലവാരവും സേവനങ്ങളും ഉയർത്താനുള്ള പ്രവർത്തനങ്ങൾ ദുബായ് പൊലീസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.