തടവുകാരെ പാചകം പരിശീലിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ച് ദുബായ് പൊലീസ്. തൊഴിൽ വൈദഗ്ധ്യം നേടിയെടുക്കുന്നതിലൂടെ ജയിൽ മോചനത്തിന് ശേഷം പുതിയ ജോലി കണ്ടെത്തുന്നത് എളുപ്പമാകുമെന്നും പുതിയ ജീവിതം സാധ്യമാകുമെന്നും ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് ദുബായ് അധികൃതർ ‘കുക്കിംഗ് ഇനിഷ്യേറ്റീവ് ഫോർ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ’ പദ്ധതി അവതരിപ്പിച്ചത്. കമ്മ്യൂണിറ്റി ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും ഭാഗമാണ് പദ്ധതി.
പരിപാടി പൂർത്തിയാകുമ്പോൾ അന്തേവാസികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ഇതുവഴി അവർക്ക് റെസ്റ്റോറന്റുകളിൽ ജോലി ചെയ്യാനോ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനോ കഴിയും. രണ്ടുമാസം മുമ്പാണ് പദ്ധതി തുടങ്ങിയത്. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 സ്ത്രീ-പുരുഷ തടവുകാർക്കാണ് പാചകത്തിൽ പരിശീലനം നൽകുന്നത്. തടവുകാരുമായി ചേർന്ന് തയ്യാറാക്കിയ പാചക കുറിപ്പുകൾ അടങ്ങിയ ഒരു പുസ്തകം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.