റോഡ് സുരക്ഷയുടെ ഭാഗമായി പരിശോധനകൾ കർശനമാക്കി ദുബായ് പൊലീസ്. ആറുമാസത്തിനിടെ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 4,172 വാഹനങ്ങൾ പിടികൂടിയതായി ദുബായ് പൊലീസ് അറിയിച്ചു. വിവിധ രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനങ്ങളാണ് പിടികൂടിയത്. ജനറൽ ട്രാഫിക്കിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇതേകാലയളവിൽ 8,786 ഇലക്ട്രിക് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 2022ലെ എക്സിക്യൂട്ടീവ് കൗൺസിൽ നിയമങ്ങൾക്കനുസൃതമായ സാങ്കേതികമായ നിലവാരം ഒരുക്കുന്നതിൽ പരാജയപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടിച്ചെടുത്തത്. ദുബായിലെ വാഹനാപകടങ്ങളും അപകടമരണനിരക്കും കുറയ്ക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തിവരുന്നത്. കൂടാതെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുജനങ്ങൾക്ക് വിവിധ ഡിപ്പാർട്മെന്റുകളുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.