ജനവാസമേഖലയിൽ അഭ്യാസപ്രകടനം നടത്തിയ 121 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 81 കാറുകളും 40 മോട്ടോർ സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. അൽ ഖവാനിജിൽ അഭ്യാസപ്രകടനം നടത്തിയവരാണ് പിടിയിലായത്.
നിയമലംഘനം നടത്തിയ 496 പേർക്ക് അധികൃതർ പിഴ ചുമത്തി. പിടിയിലായവരിൽ പലരും ഗുരുതര നിയമലംഘനം നടത്തിയവരാണെന്നും 50,000 ദിർഹം പിഴ അടച്ചാൽ മാത്രമെ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ, നിയമലംഘനത്തിൻ്റെ വ്യാപ്തിക്കനുസരിച്ച് വാഹനങ്ങൾ തടഞ്ഞുവെക്കുന്നതിനുള്ള സമയപരിധിയും പിഴത്തുകയും വ്യത്യാസപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ജനവാസമേഖലയിൽ അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുന്നതായി അൽ ഖവാനിജിലേയും ലാസ്റ്റ് എക്‌സിറ്റിലേയും നിവാസികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കസ്റ്റഡിയിലെടുത്തതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡറയക്‌ടർ ജനറൽ മേജർ ജനറൽ സെയ്‌ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.