സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന് നീക്കവുമായി ദുബായ് പൊലീസിൻ്റെ പദ്ധതി. പത്ത് ബാങ്കുകളുമായി സഹകരിക്കാൻ ദുബായ് പൊലീസ് ധാരണപത്രത്തിൽ ഒപ്പുവെച്ചു. കുറ്റകൃത്യങ്ങളെ മുൻകൂട്ടിക്കണ്ട് നടപടി സ്വീകരിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇരു വിഭാഗവും യോജിച്ചുനീങ്ങാനും കരാറിൽ ധാരണയായി.
ദുബായ് പൊലീസിലെ കുറ്റാന്വേഷണ വിഭാഗമാണ് ബാങ്കുകളുമായി കരാറിൽ ഒപ്പുവെച്ചത്. സൈബർ കുറ്റകൃത്യങ്ങളടക്കം തടയുകയാണ് ലക്ഷ്യം. ആഗോള തലത്തിലെ സാങ്കേതിക മാറ്റങ്ങൾക്ക് അനുസരിച്ച് സുരക്ഷിത്തം ഒരുക്കുന്നതിലും നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആർട്ടിഫിഷൽ ഇൻ്റലിജൻസ് സഹായത്തോടെ സുരക്ഷാ സംവിധാനം ഒരുക്കുന്നതിനും മുൻഗണന നൽകും.
ആഗോള സാമ്പത്തിക നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബായിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ദുബായ് എന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. പരസ്പരം വിവരങ്ങളും വിദഗ്ധോപദേശങ്ങളും കൈമാറും. സൈബർതട്ടിപ്പുകൾക്ക് കളമൊരുക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.