ജോലിയും സുരക്ഷിത ജീവിതവും സ്വപ്നം കണ്ട് മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ദുബായ് പൊലീസ്. മനുഷ്യക്കടത്ത് കേസുകൾ തടയുന്നതിനും ജീവിതക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനും വഴികളൊരുക്കുകയാണ് ലക്ഷ്യം. `നിങ്ങൾ ഒറ്റയ്ക്കല്ല’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
ഹ്യൂമൺ ട്രാഫിക്കിങ് ക്രൈംസ് കൺട്രോൾ സെൻറർ എന്ന പേരിൽ ദുബായ് പൊലീസിന് കീഴില്‍ 2009 മുതൽ പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സമഗ്രമായ സമീപനം സ്വീകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ. സഹായഹസ്തം തേടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന നിരവധി ആളുകൾക്ക് ദുബായ് പൊലീസിന്‍റെ പുതിയ നീക്കം പുതുജീവന്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഇരകൾക്ക് പിന്തുണ ഉറപ്പാക്കുകയാണെന്ന് മനുഷ്യാവകാശ വകുപ്പിലെ കേണൽ സുൽത്താൻ അൽ ജമാൽ വ്യക്തമാക്കി. അല്‍മക്തൂം ഫൗണ്ടേഷന്‍, ദുബായ് ഫൗണ്ടേഷന്‍ തുടങ്ങി വിവിധ സമിതികളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരാതി ലഭ്യമാകുന്ന നിമിഷം മുതല്‍ ഇരകളാക്കപ്പെടുന്നവര്‍ സ്വരാജ്യത്തേക്ക് മടങ്ങും വരെയൊ സുരക്ഷിത സ്ഥാനത്ത് എത്തുംവരെയൊ പിന്തുണയും സഹായവും ഉറപ്പാക്കും. ലൈഗിംഗ ചൂഷണുവും നിര്‍ബന്ധിത തൊഴിലും ഉൾപ്പെടെ എല്ലാ വിഭാഗത്തിലും നീതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളില്‍ മലയാളികളടക്കം നിരലധിപ്പേര്‍ മനുഷ്യക്കടത്തിന് ഇരകളാകുന്നുണ്ട്. ആഗോളതവത്തില്‍ മനുഷ്യക്കടത്ത് കേസുകൾ വര്‍ദ്ധിച്ചതായും വാഗ്ദാനങ്ങളില്‍ വഞ്ചിതരായവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ മനുഷ്യക്കടത്ത് ചെറുക്കുന്നതിനും വിവിധ തലങ്ങളില്‍ സഹായമെത്തിക്കുന്നതിനും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.