കടലിൽ മുങ്ങിത്താഴ്ന്ന എട്ട് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച യുഎഇ പൗരന് ആദരവുമായി ദുബായ് പോലീസ്. ഈസ മുഹമ്മദ് അൽ ഫലാസി എന്ന വ്യക്തിയെയാണ് ദുബായ് പൊലീസ് ആദരിച്ചത്. മത്സ്യബന്ധനത്തിനിടെ മറിഞ്ഞ ബോട്ടിൽ നിന്ന് ജീവന് വേണ്ടി നിലവിളിച്ച എട്ടുപേരെയാണ് ഈസ അൽ ഫലാസി രക്ഷിച്ചത്.
പത്ത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ മരണപ്പെട്ടതായും ബാക്കി എട്ട് പേരെ ഈസ അൽ ഫലാസിയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പറഞ്ഞ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്‌ദുല്ല ഖലീഫ അൽ മറി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
കമ്യൂണിറ്റി ഹാപ്പിനസ് ആന്റ് ലോജിസ്റ്റിക്കൽ സപ്പോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി, ജനറൽ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഹുമൈദ് അൽ സുവൈദി, ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മൻസൂരി എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.