ക്യാമ്പിങ് മേഖലയിൽ അഭ്യാസപ്രകടനം നടത്തിയതിനേത്തുടർന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ റുവയ്യയിലെ കുടുംബ ക്യാമ്പിങ് പ്രദേശങ്ങളിൽ അപകടകരമായ വിധത്തിൽ പ്രകടനങ്ങൾ നടത്തിയ കാറും വിനോദ മോട്ടോർ ബൈക്കുമാണ് അധികൃതർ പിടിച്ചെടുത്തത്.
മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ ഓടിച്ചതിന് ഡ്രൈവർമാർക്ക് കടുത്ത പിഴയും ചുമത്തി. 50,000 ദിർഹമാണ് പിഴയായി ചുമത്തിയത്. തുക അടയ്ക്കാതെ വാഹനങ്ങൾ വിട്ടുനൽകില്ലെന്ന് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്‌ഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.
ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപകമായി വിവിധ മേഖലകളിൽ അധികൃതർ പരിശോധനകൾ നടത്തിവരികയാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ദുബായ് പോലീസ് ആപ്പിലെ പോലീസ് ഐ സേവനത്തിലൂടെയോ 901 എന്ന നമ്പറിലൂടെയോ ഉദ്യോഗസ്ഥരെ അറിയിക്കാൻ സാധിക്കുമെന്നും അൽ മസ്റൂഇ വ്യക്തമാക്കി.