പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട വേളയിൽ പിതാവിന്‍റെ സാന്നിധ്യം വേണമെന്ന അറബ് പെൺകുട്ടിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് ദുബായ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആന്‍റ് കറക്ഷനൽ എസ്റ്റാബ്ലിഷ്‌മെന്‍റ്. ദുബായിൽ തടവുകാരനാണ് പിതാവ്. ഇത് മൂലമാണ് പെൺകുട്ടിയ്ക്ക് ഇത്തരമൊരു അപേക്ഷ നടത്തേണ്ടി വന്നത്.
പെൺകുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നിർദ്ദേശപ്രകാരം വകുപ്പ് പ്രവർത്തിച്ചതായി അധികൃതര്‍ പറഞ്ഞു. അറബ് യുവാവുമായി തന്‍റെ വിവാഹം ഉറപ്പിച്ചതായി പെൺകുട്ടി തന്‍റെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വിവാഹചടങ്ങിൽ നിർബന്ധമായും പിതാവ് ഉണ്ടായിരിക്കണമെന്നാണ് തന്‍റെയും കുടുംബത്തിന്‍റെയും അഭിലാഷമെന്നും അപേക്ഷയിൽ വ്യക്തമാക്കി. പെൺകുട്ടിയുടെ അഭ്യർഥന ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചിട്ടുണ്ടെന്നും വിവാഹത്തിൽ പെൺകുട്ടിയുടെ പിതാവിന്‍റെ സാന്നിധ്യം ഉറപ്പാക്കുമെന്നും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫർ അറിയിച്ചു.
സാമ്പത്തികവും വൈകാരികവുമായ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷമായിരുന്നു അധികൃതരുടെ തീരുമാനം. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് അനുകമ്പയുള്ള പ്രതികരണം നടത്തിയത്. മാനുഷിക കാര്യങ്ങളോടുള്ള ദുബായ് പൊലീസിന്‍റെ താത്പര്യവും സമൂഹത്തിലുടനീളം സന്തോഷം പകരുന്നതിൽ അധികൃതർ ചെലുത്തുന്ന സ്വാധീനവും പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഡിപ്പാർട്ട്മെന്‍റ് പെൺകുട്ടിയുടെ അഭ്യർത്ഥനയ്ക്ക് ഉടൻ തന്നെ അംഗീകാരം നൽകിയത്.