സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ഓഫറുമായി പുതിയ നോൽ കാർഡ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് ഐഡൻ്റിറ്റി കാർഡ് (ഐഎസ്ഐസി) അസോസിയേഷനും തമ്മിൽ കാർഡ് പുറത്തിറക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു.
ദുബായിലെ പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ കിഴിവ് പുതിയ നോൽ കാർഡ് വാഗ്ദാനം ചെയ്യുന്നു. നോൽ കാർഡുകൾ പേയ്‌മെൻ്റ് രീതിയായി സ്വീകരിക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണൽ ഓഫറുകളും ലഭിക്കുമെന്നതാണ് പ്രത്യേകത.
നോൽ പേ ആപ്പ് വഴി വിദ്യാർത്ഥികൾക്ക് കാർഡ് ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ എമിറേറ്റ്‌സ് ഐഡിയും വിദ്യാർത്ഥി ഐഡിയും സമർപ്പിക്കുമ്പോൾ വ്യക്തിഗതമാക്കിയ നീല കാർഡ് ലഭിക്കും. അതിൽ അവരുടെ പേരും ഫോട്ടോകളും ഉണ്ട്. ദുബായിലെ നിരവധി വിദ്യാർത്ഥികളാണ് യാത്ര ചെയ്യാൻ പൊതുഗതാഗതം ഉപയോഗിക്കുന്നത്. മെട്രോ, ട്രാം, ബസുകൾ, മറൈൻ ഗതാഗതം എന്നിവയുൾപ്പെടെയുള്ള ആർടിഎയുടെ പൊതുഗതാഗത ശൃംഖല വഴിയുള്ള വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ സമ്പന്നമാക്കുന്നതിലാണ് പങ്കാളിത്തം ഊന്നൽ നൽകുന്നതെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ് പറഞ്ഞു.റീട്ടെയിൽ സ്റ്റോറുകളിലും സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാൻ്റീനുകളിലും പേയ്‌മെൻ്റുകൾ നടത്താനും കാർഡ് സഹായിക്കുന്നു.