ദുബായ് മുനിസിപ്പാലിറ്റി ഹൈവേ ക്ലീനിംഗ് വാഹനങ്ങളുടെ കൂട്ടത്തിൽ അഞ്ച് പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തി. നഗരത്തിന്റെ വൃത്തി ഇനിയും കൂട്ടുകയാണ് ലക്ഷ്യം. റോഡ് വികസനവുമായി ബന്ധപ്പെട്ടു ജോലികളിലും അവസാന വൃത്തിയാക്കലിന് വാഹനങ്ങൾ ആവശ്യമാണ്. 24 മണിക്കൂറും വാഹനത്തിന്റെ സേവനം ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിയും. 151 ജീവനക്കാരും 18 സൂപ്പർവൈസർമാരും ഉൾപ്പെടുന്നതാണ് നഗര ശുചീകരണ സംഘം.
രാജ്യാന്തര നിലവാരത്തിൽ ശുചീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാണിത് നിരത്തിലിറക്കുന്നത്. ഒരു ദിവസം 2,250 കി.മീ. ദൂരം വൃത്തിയാക്കാൻ ശേഷിയുള്ളതാണ് ഓരോ വാഹനവും. അതിവേഗം ശുചീകരണ പ്രവൃത്തികൾ ചെയ്യുന്ന 4 പുതിയ വാഹനങ്ങൾ കൂടി ഈ വർഷം മുനിസിപ്പാലിറ്റി ശുചീകരണ വിഭാഗത്തിന്റെ ഭാഗമായെത്തും.
പൊടിക്കാറ്റ് വ്യാപകമാകുന്ന സമയങ്ങളിൽ റോഡിൽ നിന്നു മണൽ നീക്കാൻ ഇവ പ്രയോജനപ്പെടും. പൊടിക്കാറ്റും മഴയും ഉള്ളപ്പോൾ റോഡിലെ ചെളിയും പൊടിയും നീക്കണമെന്ന് ആവശ്യപ്പെട്ടു ധാരാളം പേരാണ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആധുനിക സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന ശുചീകരണ വാഹനങ്ങൾ, വൃത്തിയാക്കൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യും.