ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിൽ പുതിയ തട്ടിപ്പ്. യാത്രക്കാരുടെ നഷ്ടപ്പെട്ടതോ മറന്നുവെച്ചതോ ക്ലെയിം ചെയ്യപ്പെടാത്തതോ ആയ ലഗേജുകൾ മറിച്ചുവിൽക്കുന്നുവെന്ന തരത്തിലുള്ള വ്യാജ പരസ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
‘മറന്നുവെച്ച ലഗേജുകൾ ആകർഷകമായ വിലയിൽ വിൽക്കുന്നു, വെറും എട്ട് ദിർഹം മാത്രം. ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം. എയർപോർട്ട് വെയർഹൗസ് അടിയന്തരമായി വൃത്തിയാക്കുകയാണെന്നും ആറു മാസത്തിലേറെയായി ഉടമസ്ഥരില്ലാതെകിടക്കുന്ന ലഗേജുകൾ വിൽക്കുകയാണെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നതിനാൽ വെറും എട്ട് ദിർഹത്തിനാണ് വിൽക്കുന്നത് എന്നതരത്തിലാണ് ദുബായ് വിമാനത്താവളത്തിന്റെപേരിലുള്ള വ്യാജസാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പരസ്യം പ്രചരിക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അക്കൗണ്ടും പരസ്യവുമെല്ലാം വ്യാജമാണെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു.