ദുബായിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനായി പ്രഖ്യാപിച്ച പദ്ധതിയാണ് ദുബായ് കാൻ പദ്ധതി. പദ്ധതി ആരംഭിച്ച് ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ തന്നെ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022 ഫെബ്രുവരിയിൽ തുടക്കമിട്ടതാണ് പദ്ധതി. ദുബായ് കാൻ ആരംഭിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1.8 കോടി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന 500 മില്ലി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. കുടിവെള്ള സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പികൾ ഉപയോഗിക്കാനും വീടുകളിലും സ്ഥാപനങ്ങളിലും വാട്ടർ ഫിൽറ്ററുകളും സ്ഥാപിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിന് പദ്ധതി നിർണായകപങ്ക് വഹിച്ചിട്ടുണ്ട്. ദുബായ് കാനിൻ്റെ ലക്ഷ്യങ്ങൾ ദുബായ് 2040 അർബൻ മാസ്റ്റർപ്ലാനിനെയും യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും യുഎഇ നെറ്റ്‌സീറോ 2050 ലക്ഷ്യങ്ങളും കൈവരിക്കാൻ യുഎഇയെ സഹായിക്കുന്നതിനുള്ള ദുബായുടെ പ്രതിബദ്ധതയെയും പിന്തുണയ്ക്കുന്നു.